Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
കുറിപ്പുകള്‍


തീവ്രവാദം
സയ്യിദ് മൌദൂദിയുടെ നിലപാട്

 

# പി.കെ മുഹമ്മദലി ആന്തമാന്‍

 
 

 


ചോദ്യം: ഇത്തരമൊരു സാഹചര്യത്തില്‍ നിയമാനുസൃതമായി ഒരു പരിവര്‍ത്തനം കൊണ്ടുവരിക അസാധ്യമാണ്. നമ്മുടെ പ്രതിയോഗികളാവട്ടെ നിയമവിരുദ്ധ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നു?
സയ്യിദ് മൌദൂദി: ഒരു സംഘമാളുകള്‍ ഒരുമിച്ച് കൂടി അവരുടെ ആരോഗ്യം സ്വയം നശിപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അവര്‍ ചെയ്യുന്നത് കണ്ട് നിങ്ങള്‍ സ്വയം തന്നെ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുമോ? നിയമവിരുദ്ധ മാര്‍ഗം സ്വീകരിച്ചവര്‍ അത്യന്തം മോശമായ രീതിയാണ് അവലംബിച്ചിരിക്കുന്നത്. നാമും അതേ രീതി തന്നെ പിന്തുടരുന്നുവെങ്കില്‍ അതിനേക്കാള്‍ മോശമായിരിക്കും.
നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍ ലക്ഷ്യം നേടാന്‍ രണ്ട് രീതികളാണ് സ്വീകരിക്കാറുള്ളത്. ഒന്ന്, പരസ്യമായ നിയമലംഘനം. രണ്ട്, രഹസ്യ പ്രവര്‍ത്തനങ്ങള്‍.
പരസ്യമായ നിയമലംഘനത്തിലൂടെ നേടിയെടുക്കുന്ന വിപ്ളവം പൊതുജനങ്ങളില്‍ നിയമത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തുകയും നിയമലംഘനം അവരുടെ സ്വഭാവമായിത്തീരുകയും ചെയ്യും. നൂറു വര്‍ഷം ശ്രമിച്ചാലും അവരെ നിയമം അനുസരിക്കുന്നവരാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരകാലത്ത് സിവില്‍ നിയമലംഘനവും ഒരടവായി സ്വീകരിക്കുകയുണ്ടായി. അതിന്റെ പരിണതി നിങ്ങളിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന് 20 വര്‍ഷത്തിനു ശേഷവും ഇന്ത്യയിലെ ജനങ്ങളെ നിയമം അനുസരിക്കുന്നവരാക്കാനായിട്ടില്ല.
രഹസ്യ മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് അതിനേക്കാള്‍ ആപത്കരമാണ്. അധികാരങ്ങളത്രയും രഹസ്യ സംഘടനയിലെ ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുകയും അവരുടെ ഇംഗിതമനുസരിച്ച് മാത്രം ചലിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. അവരുടെ നയങ്ങളെ വിമര്‍ശിക്കുന്നത് അവര്‍ക്ക് അസഹ്യമായിരിക്കും. അഭിപ്രായ ഭിന്നതയുള്ളവര്‍ നിഷ്കാസനം ചെയ്യപ്പെടും. ഇത്തരം ചിലരുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതോടെ അവര്‍ എത്രമാത്രം സ്വേഛാധിപതികളായിരിക്കുമെന്ന് സ്വയം ആലോചിക്കുക. അപ്പോള്‍ ഒരു ഏകാധിപതിയെ മാറ്റി മറ്റൊരു ഏകാധിപതിയെ പ്രതിഷ്ഠിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ലഭ്യമാവുക.
ഭീകരവാദത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും എന്നും എന്റെ സുചിന്തിതമായ അഭിപ്രായം ഇതായിരുന്നു. പട്ടിണി കിടക്കുകയോ ജയിലില്‍ കഴിയേണ്ടിവരികയോ വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടിവരികയോ ചെയ്താലും ക്ഷമയും സഹനവും കൈവിടാതെ ധീരമായും പരസ്യമായും നിയമത്തിനു വിധേയമായും ധാര്‍മിക പരിധികള്‍ പാലിച്ചും സംസ്കരണ ശ്രമങ്ങളില്‍ വ്യാപൃതരാവുക. പ്രവാചകന്മാരുടെ മാതൃകയും ഇതുതന്നെയായിരുന്നു. ജമാഅത്തും ഇതേ രീതിതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി നമുക്ക് നേരെ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് ആക്രമണങ്ങഴളിച്ചു വിട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ നാമൊരിക്കലും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടില്ല. ഫലമോ അവരുടെ മുഖങ്ങള്‍തന്നെ കറുത്തു പോവുകയും മ്ളാനമാവുകയും ചെയ്തു. എന്നാല്‍ നമ്മുടെ മേല്‍ ഒരു കറുത്ത പുള്ളി പോലും സ്ഥിരീകരിക്കാനവര്‍ക്കായില്ല. ഇതിന്റെ ധാര്‍മിക ഫലം അതിശക്തമായിരിക്കും. അവരുടെ മനസ്സാക്ഷി തന്നെ അവര്‍ ചെയ്യുന്നത് അനീതിയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിങ്ങളാര്‍ജിച്ച സ്വഭാവ മഹിമ ഒരിക്കലും കളങ്കപ്പെടാനനുവദിക്കാതിരിക്കുക. നിയമവിരുദ്ധ മാര്‍ഗം സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. സാഹചര്യം എത്ര തന്നെ ദുഷിച്ചുപോയിട്ടുണ്ടെങ്കിലും നമുക്കതിനെ മാറ്റിയെടുക്കേണ്ടതുണ്ട്. തെറ്റായ രീതികള്‍ അവലംബിച്ചാല്‍ അതൊരിക്കലും സാധ്യമാവുകയില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദുഷിച്ചുപോവുകയായിരിക്കും ഫലം.
(ആഈന്‍, 1968 സെപ്റ്റംബര്‍ 9)

* * * * *
ചോദ്യം: ചിലര്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നു. ഇതില്‍ എത്രമാത്രം ശരിയുടെ അംശമുണ്ട്?
സയ്യിദ് മൌദൂദി: ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രസ്ഥാനം അതിനെതിരായി ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കുകയില്ല. അതിലെ ഒരംഗം ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനൊരുമ്പെട്ടാല്‍ ജമാഅത്തില്‍നിന്ന് രാജിവെച്ചൊഴിയേണ്ടിവരും. ഇതേ ലാഹോറില്‍ തന്നെ താഷ്കന്റ് പ്രഖ്യാപനത്തിനെതിരെ ഒരു ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ഫറന്‍സില്‍ ഒരു ജമാഅത്ത് അംഗം സിവില്‍ നിയമലംഘന പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു ജമാഅത്ത് അംഗമെന്ന നിലക്ക് താങ്കള്‍ അത്തരമൊരു പ്രമേയം അവതരിപ്പിക്കരുതെന്ന് ജമാഅത്ത് അദ്ദേഹത്തെ വ്യക്തമായി അറിയിച്ചു. ജമാഅത്തില്‍നിന്ന് രാജി സമര്‍പ്പിച്ചതിനു ശേഷമേ അത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു പോകട്ടെ, സിവില്‍ നിയമലംഘന പ്രമേയവതരിപ്പിക്കാന്‍പോലും അനുവാദം നല്‍കാത്ത ജമാഅത്തിനെ എങ്ങനെയാണ് ഒരു ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാനാവുക?
സ്വയം ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും അതിന്റെ പ്രചാരകരും അതിലൂടെ വിപ്ളവം കൊണ്ടുവരാനാഗ്രഹിക്കുന്നവരും തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ നമ്മുടെ മേല്‍ ഭീകരത ആരോപിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. കള്ളന്‍ മോഷണം നടത്തിയതിനു ശേഷം 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ച് കൂവുന്നതിന് സമാനമാണിത്.
(ഏഷ്യ, ലാഹോര്‍ 9.8.1970)
(മര്‍കസി മക്തബ പ്രസിദ്ധീകരിച്ച ഇസ്തിഫ്സാറാത്ത് (1994) എന്ന കൃതിയില്‍ എടുത്ത് ചേര്‍ത്തത്)

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly